2010 ജൂലൈ 2, വെള്ളിയാഴ്‌ച

"ഇവളോ വേശ്യ ..? "

സുപ്രഭാതം ...കിളികളുടെ കള കളാരവം കേട്ടുകൊണ്ട് രവി നടന്നു. ഒരു വയല്‍ വരമ്പ് മുറിച്ചു കടന്നാല്‍ വാരിയത്ത് വീട് ആയി.. താന്‍ താമസിക്കുന്ന കൊച്ചു വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണുന്ന വീട്....കൊയ്തൊഴിഞ്ഞ പാടത്തെ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ വല്ലാത്ത ഒരു സന്തോഷം തോന്നി. പാടത്ത് അവിടവിടെ പറന്നും ചാടി ച്ചാടിയും നടക്കുന്ന മൈനകള്‍.

വാരിയത്ത് വീടിനു മുന്നിലെത്തുമ്പോള്‍ പുറത്താരെയും കണ്ടില്ല. അകത്തു ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കാം. രവി ഒന്ന് മുരടനക്കി...ഒരു സ്ത്രീ പുറത്തേക്ക് വന്നു...മുപ്പതു മുപ്പത്തന്ച്ചു വയസ്സു കാണും. ഇതായിരിക്കും ഇന്നലെ ആ കാളിത്തള്ള പറഞ്ഞ കക്ഷി. അവനോര്‍മ വന്നു... "മോനെ എവിടെ പ്പോയാലും ആ വീട്ടില്‍ കയറിപ്പോവല്ലേ...എല്ലാം തെവ്ടിശശി കൂട്ടങ്ങളാ....." ..

"ആരാ ...എന്താ കാര്യം " ആ സ്ത്രീ ഒരു മയവുമില്ലാതെ ചോദിച്ചപ്പോള്‍ രവി ഒന്ന് പതറി. ഒന്ന് പരിചയപ്പെടാം അയല്‍വാസിയല്ലേ എന്നെ കരുതിയുള്ളു.

" ഞാന്‍ രവി...പാടത്തിന്‍ അക്കരെ യുള്ള ആ കൊച്ചുവീട്ടില്‍ ഇന്നലെ താമസം തുടങ്ങി "

"അതിനു ഞാനെന്തു വേണം " എടുത്തടിച്ചതുപോലുള്ള മറുപടി കേട്ടു രവി വല്ലാതായി...

"ഒന്നു പരിചയപ്പെടാമെന്നു കരുതി. അയല്‍വാസിയല്ലേ."

"ആരാ പറഞ്ഞത് ഇവിടെ വന്നു പരിചയപ്പെടാന്‍..." വല്ലാത്തൊരു പുച്ഛം നിറഞ്ഞ ഭാവം. വരേണ്ടിയിരുന്നില്ലെന്നു രവിക്ക്‌ തോന്നി...രവി പറഞ്ഞു "സോറി. വന്നത് തെറ്റായെന്കില്‍ ..." എന്ന് പറഞ്ഞു രവി തിരിഞ്ഞു നടക്കാനാഞ്ഞു. "നില്ക്കു" പിറകില്‍ നിന്നും വിളി കേട്ടു..."ഏതായാലും വന്നില്ലേ....കയറി ഇരിക്കൂ" ഇപ്പോള്‍ ശബ്ദം വളരെ മയപ്പെട്ടിട്ടുണ്ടെന്ന് രവിക്കു തോന്നി. ഏതായാലും വന്നില്ലേ രവി ആ വീടിന്റെ ഉമ്മറത്തേക്ക് കയറി ഒരു കസേരയിലിരുന്നു.

"ഞാന്‍ വന്നത് ഇഷ്ടായില്ല അല്ലെ.." അവന്‍ വീണ്ടും ചോദിച്ചു... "ഹേയ് അങ്ങിനെയാണെങ്കില്‍ ഇരിക്കാന്‍ പറയുമോ...ആരും ഈ വീടിന്റെ ഗുണഗണങ്ങളെയും ഇവിടെത്തെ ആള്‍ക്കാരെയും പ്പറ്റി പറഞ്ഞില്ലേ."

" പറഞ്ഞു...ഒരു പാട് കേട്ടു...പക്ഷെ എനിക്കും അഭിമാനിക്കതക്കതായ ഒരു ബാക്ക് ഗ്രൌണ്ട് ഇല്ലല്ലോ...അനാഥന്‍ ...ജനിപ്പിച്ച തന്തയാരെന്നറിയില്ല...തന്തക്കു പിറക്കാത്തവന്‍, ജാര സന്തതി എന്നൊക്കെ പലരും വിളിച്ചിട്ടുള്ള...രണ്ടു വയസ്സുള്ളപ്പോഴേ അമ്മ മരിച്ചു പോയ ആരോരുമില്ലാത്ത എന്റെ യോഗ്യത എന്താണ്..." അവന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി.

"സാരല്യ " അവരുടെ സ്വരം തികച്ചും നേര്‍ത്തതാനെന്നു രവി തിരിച്ചറിഞ്ഞു...

"പേരെന്താ" അവര്‍ വീണ്ടും ചോദിച്ചപ്പോള്‍ രവി മുഖമുയര്‍ത്തി പറഞ്ഞു..."രവി....മുത്തച്ഛന്‍ ഇട്ട പേരാ. അമ്മ മരിച്ച ശേഷം മുത്തച്ചനും മുത്തശ്ശിയും കൂടിയാ എന്നെ വളര്‍ത്തി.. വലുതാക്കിയത്....അമ്മ പൂര്‍ണ ഗര്‍ഭിണിയായി അവിടെ എത്തിയത് മാത്രമേ അവര്‍ക്കറിയൂ ...അവിടുത്തെ ഒരാളായി അമ്മ കൂടെ ത്താമാസിച്ചു...മക്കളൊക്കെ വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ഒക്കെയായത് കൊണ്ട് മുത്തച്ചനും മുത്തശ്ശിക്കും അതൊരു കാര്യമായി...അമ്മ മരിച്ചപ്പോള്‍ അവരെന്നെ ഉപേക്ഷിച്ചില്ല...സ്വന്തം കൊച്ചു മോനെപ്പോലെ നോക്കി വളര്‍ത്തി..പഠിപ്പിച്ചു...ബിരുദാനന്തര ബിരുദം നേടി...എന്നിട്ടെന്തേ..വീണ്ടും എന്നെ അനാഥനാക്കിക്കൊണ്ട് ...അവരെല്ലാം പോയി. "

"സാരല്യ ....പലര്‍ക്കും പല ദുഃഖങ്ങള്‍ അല്ലെ ...എന്റെ പേര് പറഞ്ഞില്ലല്ലോ.... ദേവയാനി.. അമ്മയിട്ട പേരാ...പക്ഷെ ജീവിതത്തിന്റെ തിക്താനുഭവങ്ങള്‍ എന്നെ കൊണ്ടെതിച്ചതോ....ഓ ഞാന്‍ ചോദിയ്ക്കാന്‍ മറന്നു ഒരു കപ്പു ചായ കുടിക്കാലോ. അല്ലെ..."

രവി പറഞ്ഞു..."ഇപ്പോള്‍ വേണ്ട ...പിന്നെയാകട്ടെ" അപ്പോള്‍ അവിടേക്ക് അകത്തു നിന്നും ഒരു പെണ്‍കുട്ടി വന്നു..."ഓപ്പോളേ ഞാന്‍ പോവ്വാ " കോളേജില്‍ പോകാന്‍ ഒരുങ്ങി വന്ന ആ പെണ്‍കുട്ടി രവിയെ നോക്കി ഒന്നു പുഞ്ചിരിക്കാനും മറന്നില്ല..."അക്കരെ വീട്ടിലെ താമസക്കരനാ അല്ലെ.. ഞാന്‍ അറിഞ്ഞു.." ഇത്രയും പറഞ്ഞു അവള്‍ നടന്നു...ദേവയാനി അനിയത്തിയെ യാത്രയാക്കി. വീണ്ടും രവിയുടെ അടുത്തെത്തി.

"എന്നോട് അലൊഹ്യമൊന്നും തോന്നരുത്‌ രവി . എന്റെ സ്വഭാവം അങ്ങിനെയായിപ്പോയി...രവി കേട്ടതെല്ലാം ശരിയാണ് ...ഇന്നിവിടെ അറിയപ്പെടുന്ന ഒരു വേശ്യയാണ് ഞാന്‍...ഒരിക്കലും ആഗ്രഹിച്ചതല്ല ....സാഹചര്യം കൊണ്ടെതിച്ചതാ."

അപ്പോഴാണ്‌ ഇടനാഴിയില്‍ കട്ടിലില്‍ മൂടിപ്പുതച്ചു ഒരാള്‍ കിടക്കുന്നത് രവി കണ്ടത്. രവിയുടെ നോട്ടം കണ്ടാകണം ദേവയാനി പറഞ്ഞു.. "അത് അച്ഛന്‍...ജനിപ്പിച്ച തന്ത"...അത് പറയുമ്പോള്‍ അവളുടെ കടപ്പല്ല്കള്‍ ഞെരിയുന്നത് രവി കേട്ടു...വല്ലാത്തൊരു ഭാവം ആ മുഖത്ത് പടരുന്നതും. "പട്ട ചാരായം കുടിക്കുക ഇവിടെ വന്നു ഉറങ്ങുക. ആകെയുള്ള പണിയാണ് അത്"

"അമ്മ..." രവി തന്റെ ചോദ്യം അര്ധോക്തിയില്‍ നിര്‍ത്തി...

"അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു..കൊന്നു എന്ന് പറയാം " അച്ഛനെ ചൂണ്ടി അവള്‍ പറഞ്ഞു..."ദാ കിടക്കണ കണ്ടില്ലേ.. ദുഷ്ടന്‍ ..കൊല്ലാതെ കൊന്നതാ എന്റെ അമ്മയെ..." അവളുടെ മുഖം വലിഞ്ഞു മുറുകി ആ ഓര്‍മകളില്‍ "അന്ന് രാജി മോള്‍ക്ക് (അനിയത്തി രാജ ലക്ഷ്മി ) രണ്ടു വയസ്സായിരുന്നു എനിക്കന്നു 12 വയസ്സുണ്ടാകും. രാജി മോളെ പ്രസവിച്ചു കഴിഞ്ഞാണ് അമ്മക്ക് ഇടയ്ക്കു അപസ്മാരത്തിന്റെ അസുഖം കണ്ടു തുടങ്ങിയത്. അച്ഛന്‍ അതിനെ ഭ്രാന്ത്‌ എന്ന് വിളിച്ചു...അച്ഛന്‍ നാട്ടുകാരോടെല്ലാം പറഞ്ഞു അവള്‍ക്ക് മുഴുത്ത ഭ്രാന്ത്‌ ആണെന്ന്.. പക്ഷെ ഭ്രാന്ത് അച്ഛനായിരുന്നു ..കാമഭ്രാന്ത്‌.. അമ്മ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു. കാണുന്നവര്‍ക്കും അമ്മ ഒരു ഭ്രാന്തിയായി തോന്നി...ആ ചങ്ങലകളില്‍ കിടന്നു അമ്മ ഒരു പാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു....കണ്ടാല്‍ വെറും ഒരു ഭ്രാന്തി..."

അവള്‍ ഒന്ന് നെടുവീര്‍പ്പിട്ടു എന്നിട്ട് തുടര്‍ന്നു "അമ്മക്ക് ഭ്രാന്തില്ലെന്നറിയുന്ന ഒരേ ഒരാള്‍ അച്ഛനായിരുന്നു.. രാത്രിയുടെ അന്ധ്യയാമങ്ങളില്‍ .പട്ട ചാരായോം കുടിച്ചു ചങ്ങലയില്‍ കിടക്കുന്ന അമ്മയെ ശ്യല്യം ചെയ്യാന്‍ എത്തുന്ന അച്ഛന്‍...എതിര്‍ത്താല്‍ ക്രൂര പീഡനം. " അവള്‍ വല്ലാതെ കിതച്ചു..." ആ ചങ്ങലയില്‍ കിടന്നു തന്നെ അമ്മ വീണ്ടും ഗര്‍ഭിണിയായി ....ഞങ്ങള്‍ക്കൊക്കെ അമ്മയുടെ അടുത്ത് പോകാന്‍ പേടിയായിരുന്നു...അച്ഛനാണ് ഒരു ചട്ടിയില്‍ എന്നും കഞ്ഞി അമ്മയുടെ മുന്നില്‍ കൊണ്ട് വെയ്ക്കുന്നത്...ഒരു ദിവസം ആരും ഇല്ലാത്ത സമയത്ത് ഞാന്‍ അമ്മയുടെ അടുത്ത് ചെന്നു. അമ്മ എന്നെ അടുത്ത് വിളിച്ചു മുടിയിലൂടെ തലോടി...എന്നിട്ട് പറഞ്ഞു രാജി മോളെ നല്ലോണം നോക്കണം. അമ്മക്കിനി അധികദിവസം ഇല്ലെന്ന്. അന്ന് ഞങ്ങള്‍ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. എനിക്ക് മനസ്സിലായി അമ്മക്ക് ഭ്രാന്തൊന്നും ഇല്ലെന്ന്. അവള്‍ ആ ഓര്‍മയില്‍ അല്‍പ നേരം കണ്ണടച്ചിരുന്നു. കണ്ണുകള്‍ തുടച്ചു അവള്‍ വീണ്ടും തുടര്‍ന്നു.

"എന്റെ സ്കൂള്‍ മുടങ്ങി. എഴാം ക്ലാസ്സ് വെച്ചേ നിര്‍ത്തി.. രാജി മോളെ നോക്കാനും വീട്ടു ജോലി ചെയ്യാനും എല്ലാം ഞാന്‍ തന്നെയായി. അച്ഛന്‍ അന്ന് ദേവസ്വം ബോര്‍ഡ്‌ ഓഫീസില്‍ ക്ലാര്‍ക്ക്‌ ആണ്..മൂക്കറ്റം കള്ളും കുടിച്ചു അര്‍ദ്ധ രാത്രിക്കെത്തുന്ന അച്ഛന്‍ ...പിന്നെ അമ്മക്കുള്ള പീഡനങ്ങള്‍...എല്ലാം കേട്ട് ഒന്നും ചെയ്യാനാവാതെ രാജി മോളെയും കേട്ടിപ്പിടിച്ചുറങ്ങിയ എത്രയോ രാത്രികള്‍ !!!. പീഡനങ്ങള്‍ക്കൊടുവില്‍ ഒരു ദിവസം അമ്മ പ്രസവിച്ചു. മാസം തികയാതെ ഒരു ചാപിള്ളയെ !!!. ജീവിച്ചിരുന്നെങ്കില്‍ ആണ്‍കുട്ടിയായിരുന്നു..ആ പ്രസവത്തോടെ അമ്മ രക്ഷപ്പെട്ടു !!! ജീവിതത്തില്‍ നിന്ന് തന്നെ, ഞങ്ങളെ അനാധരാക്കിക്കൊണ്ട് !....ഓഫീസില്‍ നിന്നും പണം മുക്കിയെന്ന പേരില്‍ അച്ഛന് ജോലി പോയി. പിന്നെ കടം വാങ്ങി കള്ളുകുടിയായി...കടം വീട്ടാന്‍ എന്നെയാണ് ഉപാധിയാക്കിയത് ...എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ തന്നെ ഞാന്‍ ചെളിക്കുണ്ടില്‍ വീണു..വീണ്ടും വീണ്ടും !!...

പിന്നെ എനിക്ക് തോന്നി ഇത് ശരിയല്ലല്ലോ...അന്ന് ഞാന്‍ ഒരു വെട്ടുകത്തി മൂര്‍ച്ച കൂട്ടി വെച്ചു. ആദ്യം എത്തിയവനോട് പറഞ്ഞു "അച്ഛന്‍ കടം വാങ്ങിയിട്ടുന്ടെന്കില്‍ അച്ഛനുമായി തീര്‍ക്കണം എന്ന്..ഞാന്‍ നേരിട്ട് പണം വാങ്ങാന്‍ തുടങ്ങി..രാജി മോളെ സ്കൂളിലയച്ചു...അച്ഛന്‍ എന്ന അധമനെ വെട്ടുകത്തിക്ക് തുമ്പില്‍ നിര്‍ത്തി..ഞാന്‍ ആരെയും വക വെച്ചില്ല....ഒരേയൊരു ലകഷ്യമെ അന്നും ഇന്നും എനിക്കുള്ളൂ രാജിമോളെ പഠിപ്പിച്ചു ഒരു നിലക്കെത്തിക്കണം. ...പക്ഷെ നാട്ടുകാര്‍ അഭിസാരികയായ എന്നെ ഇരുത്തിപ്പോറുപ്പിക്കില്ലല്ലോ. നാട്ടുകാര്‍ ഗ്രാമ സഭ ചേര്‍ന്നു. മീറ്റിംഗ് കൂടി. എന്നെ വിളിപ്പിച്ചു..

സ്ത്രീകളും കുട്ടികളും പുരുഷന്മാരും എല്ലാവരും കൂടിയിട്ടുണ്ട്... എല്ലാവരും ഒന്നടങ്കം വിളിച്ചു പറഞ്ഞു...ഒന്നുകില്‍ ഞാന്‍ ഈ തൊഴില്‍ നിര്‍ത്തണം അല്ലെങ്കില്‍ ഈ നാട്ടില്‍ നിന്ന് പോകണം. എന്ന്...അവര്‍ മുഷ്ടി ചുരുട്ടി ആക്രോശിച്ചു കൊണ്ടിരുന്നു....അവസാനം എന്റെ ഊഴമായി...ഞാന്‍ പറഞ്ഞു....."പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയട്ടെ എന്ന്." പെട്ടെന്ന് അവിടം നിശബ്ദമായി...."ഞാന്‍ അവിടെ കൂടിയ ഓരോ പുരുഷന്റെയും പേര് വിളിച്ചു ചോദിച്ചു ...ഞാന്‍ പോണോ എന്ന്...കാരണം അവരെല്ലാം ഒരിക്കലെങ്കിലും എന്റെ കസ്റ്റമര്‍ ആയവരായിരുന്നു. . ഒറ്റയെണ്ണം മിണ്ടിയില്ല...ഞാന്‍ അവരോടു പറഞ്ഞു...."എനിക്കും ജീവിക്കണം...ഇഷ്ടമുണ്ടായിട്ടല്ല ഈ തൊഴില്‍ ചെയ്യുന്നത്...നിങ്ങളൊക്കെ കൂടിതന്നെയാ എന്നെ ഈ വിധത്തിലാക്കിയത് എന്ന്. ഞാന്‍ ഈ തൊഴില്‍ നിര്‍ത്താം ...പക്ഷെ ഈ ഗ്രാമത്തില്‍ 50 വീടുകള്‍ എങ്കിലും ഉണ്ടല്ലോ. ഓരോ വീട്ടുകാര്‍ എന്റെ ഒരു ദിവസത്തെ ചിലവ് എല്‍ക്കണം ...പറ്റുമോ" ഞാന്‍ എല്ലാവരെയും നോക്കി ചോദിച്ചു...പലരും കുറേശ്ശെ കുറേശ്ശെയായി മീറ്റിംഗ് വിട്ടു പോകുന്നത് കണ്ടു...അവസാനം മീറ്റിംഗ് വിളിച്ച രണ്ടു മൂന്നു പേര്‍ ബാക്കി. അവരോടെനിക്ക് സഹതാപമാണ് തോന്നിയത്..

എനിക്കും മടുപ്പ് തോന്നി...ഇന്നാട്ടിലെ സ്ത്രീകള്‍ എന്ത് പിഴച്ചു ....ഞാന്‍ കാരണം അവരുടെ കുടുംബം കാലങ്ങണോ...പക്ഷെ മറ്റൊരു തൊഴിലും എനിക്കറിയില്ലല്ലോ... അങ്ങനെയിരിക്കെയാണ് ലാല്‍ സിംഗ് എന്നാ ആളുടെ എസ്റ്റേറ്റ്‌ ബംഗ്ലാവില്‍ മെയിഡ് ആയി ജോലി കിട്ടിയത്.. ജോലി ഇത് തന്നെ പേര് ഒരു പുറം പോളിഷ് മാത്രം...അവിടെ പല ഗുസ്റ്റും വരും ....മദ്യ വിരുന്നുകള്‍ ഉണ്ടാകും ...ആ ദിവസങ്ങളിലെല്ലാം പോകണം...ആഴ്ചയില്‍ 3 - 4 ദിവസം അതും വൈകുന്നേരങ്ങളില്‍ രണ്ടു മുന്ന് മണിക്കൂര്‍...പൈസയും നന്നായി കിട്ടും...ഇപ്പോള്‍ അതാണ് എന്റെ തൊഴില്‍ ....എന്നാലും നാടുകാര്‍ എന്റെ പഴയ ലേബല്‍ എടുത്തു കളഞ്ഞിട്ടില്ല."

ഒറ്റ ഇരുപ്പിന് തന്റെ കഥ മുഴുവന്‍ പറയുമ്പോഴും ഇമ ചിമ്മാതെ രവി കേട്ടിരിക്കുകയായിരുന്നു. ജീവിതത്തില്‍ ഒരു പാട് സഹിച്ച ഒരു സ്ത്രീ ആണ് തന്റെ മുമ്പില്‍ ഇരിക്കുന്നതെന്ന് രവിക്ക്‌ തോന്നി...യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോഴും അവന്‍ അവരെ പാറ്റിയാണ് ചിന്തിച്ചത്‌.

അടുത്ത ദിവസവും രവി ആ വീട്ടിലെത്തി. ഇത്തവണ അവനു ശങ്കയോന്നും ഉണ്ടായില്ല. മുറ്റത്തെത്തിയപ്പോഴേ അവന്‍ നീട്ടി വിളിച്ചു "ഓപ്പോളേ". പുറത്തേക്ക് ഇറങ്ങി വന്ന ദേവയാനി അത്ബുധതോടെ അവനെ നോക്കി. അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. "ഒരു പാട് സന്തോഷായി രവി അങ്ങനെ വിളിച്ചപ്പോള്‍. ഞാന്‍ ഒരു പാടു കൊതിച്ചിട്ടുണ്ട് എനിക്ക് ഒരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്...എങ്കില്‍ ....എങ്കില്‍ എനിക്ക് ഇങ്ങനെയൊന്നും വരില്ലായിരുന്നു..."

"അപ്പോള്‍ ഞാന്‍ വിളിച്ചത് ഇഷ്ടായി അല്ലെ.. എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു... " അവന്‍ ദൈര്യ പൂര്‍വ്വം പൂമുഖത്ത് കയറി ഇരുന്നു.

അപ്പോള്‍ അകത്തു നിന്ന് രാജി പുഞ്ചിരിയോടെ ഇറങ്ങി വന്നു....."ഞാന്‍ രവിയെട്ടനോട് ഒരു സംശയം ചോദിക്കണമെന്ന് വിചാരിച്ചതെയുള്ളൂ..."

"എന്തു സംശയം " അവന്‍ തിരക്കിയപ്പോള്‍ അവള്‍ കോളേജിലെ ഒരു ബുക്ക്‌ എടുത്തു കൊടുത്തു... പിന്നെ സംശയങ്ങളുടെ ഒരു നിര തന്നെയായി. എന്നാല്‍ വളരെ അനായാസമായി രവി അതെല്ലാം പറഞ്ഞു കൊടുക്കുന്നത് കണ്ടു ദേവയാനി കൌതുകത്തോടെ നോക്കി നിന്നു. അവള്‍ക്കു ബി കോം ഫൈനല്‍ ഇയര്‍ എക്സാം അടുത്തിരിക്കയാണ്...

"രവി ഈ വീട്ടില്‍ വടകക്കാരനാണോ ? " ദേവയാനി ചോദിച്ചു... "ഹേയ് ഇതൊരു ഇടത്താവളം മാത്രം...മുത്തശ്ശീടെ മരണ ശേഷം മക്കള്‍ ഒക്കെ വന്നു സ്വത്തുക്കള്‍ ഒക്കെ വിറ്റു സ്ഥലം വിട്ടപ്പോള്‍ ഞാന്‍ പുറത്തായി...എങ്കിലും എന്റെ പേരില്‍ മുത്തശ്ശന്‍ ഒരു അക്കൗണ്ട്‌ തുറന്നു ഒരു ലക്ഷം രൂപ ഇട്ടിരുന്നു.. അത് മാത്രമാണെന്റെ സ്വത്തു ഇപ്പോള്‍. ഒരു ജോലി ശരിയായി വരുന്നുണ്ട്...ഒരു പ്രൈവറ്റ് ബാങ്കാ. ഇന്റര്‍വ്യൂ എല്ലാം കഴിഞ്ഞതാ...അതിന്റെ ലെറ്റര്‍ വന്നാല്‍ പോകണം.ചിലപ്പോള്‍ മദ്രാസിലാകും അല്ലെങ്കില്‍ തിരുവനന്തപുരം. മുത്തശ്ശന്റെ ഒരു ഫ്രെണ്ടിന്റെ കെയര്‍ ഓഫിലാ ഈ വീട് തത്കാലം കിട്ടിയത്...വാടക ഒന്നും ഇല്ല...ഇതിലെ താമസക്കാര് വരുമ്പോള്‍ ഒഴിഞ്ഞു കൊടുക്കണം അത്രേയുള്ളൂ. "

രവി ആ വീട്ടിലെ ഒരു നിത്യ സന്ദര്‍ശകനായി. രാജിയുടെ എക്സാം തീരുന്നത് വരെ രവി നന്നായി സഹായിച്ചു.. അവന്‍ എന്നും പോസ്റ്റ്‌ ഓഫീസില്‍ പോയി അന്വേഷിക്കും ലെറ്റര്‍ വന്നോ എന്ന്...

ഒരു ദിവസം രാജിയുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനിടെ രവി ദേവയാനിയോട് ചോദിച്ചു..."ഓപ്പോളേ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് ...ഇല്ല എന്ന് പറയരുത് "

"അതെന്തു കാര്യമാ രവീ"

"എന്റെ ജോലിയുടെ പേപ്പര്‍ അടുത്ത് തന്നെ കിട്ടും...അവിടുന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ട് എന്നാ അറിവ് കിട്ടി...മിക്കവാറും തിരുവനന്ത പുറത്തായിരിക്കും അല്ലെങ്കില്‍ മദ്രാസ്‌... അവിടെ എനിക്ക് എക്സിക്യൂട്ടീവ് താമസസൌകര്യം കിട്ടും. ഞാന്‍ ഓപ്പോളേ ഈ നശിച്ച ജീവിതത്തില്‍ നിന്നു രക്ഷപ്പെടുത്തട്ടെ ? കൂട്ടത്തില്‍ ഈ കുസൃതി പെണ്ണിനെ എനിക്ക് ജീവിത സഖിയായി തന്നൂടെ ...നമുക്കെല്ലാം അവിടെ ഒന്നിച്ചു താമസിക്കാം."

ദേവയാനിയും രാജിയും ഒരു നിമിഷം ഷോക്ക്‌ ആയപോലെയായി. ദേവയാനി രാജിയെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുംബുന്നുണ്ടായിരുന്നു. അവള്‍ മുഖം തിരിച്ചു നിന്നു കരയാന്‍ തുടങ്ങി. രവി വല്ലാതായി.

"ഓപ്പോളേ ഞാന്‍ അവിവേകം വല്ലതും പറഞ്ഞോ ....ഇഷ്ടായില്ലച്ചാല്‍....."

ദേവയാനി തിരിഞ്ഞു...കണ്ണുകള്‍ തുടച്ചു പറഞ്ഞു...."ഇഷ്ടായി .....ഒരു പാട്... അങ്ങിനെ പറയാന്‍ എനിക്കൊരളുണ്ടായല്ലോ. ഞാന്‍ വരാം രവീ ...പിന്നെ രാജി മോളുടെ കാര്യം എനിക്ക് സന്തോഷമേയുള്ളൂ ...രവിയെ ആദ്യം കണ്ട മുതല്‍ തന്നെ ഞാന്‍ ആഗ്രഹിച്ചതാ ഇതുപോലൊരു ആളെ രാജിമോള്‍ക്ക് കിട്ടിയെങ്കില്‍ എന്ന്..."

അവള്‍ രാജിയുടെ കൈ പിടിച്ചു രവിയുടെ കൈവെള്ളയില്‍ വെച്ച്..."ഇവള്‍ ഈ നിമിഷം മുതല്‍ നിന്റെ പെണ്ണാണ്.....എന്ക്കിതില്‍പ്പരം ഒരു സന്തോഷമുണ്ടോ..."

രവി പറഞ്ഞു..."ഓപ്പോളേ ആലോചിച്ചു തീരുമാനിച്ചാല്‍ മതി...എന്റെ കാര്യത്തില്‍ എനിക്കലോചിക്കാനോന്നുമില്ല...ആരോടും ചോദിക്കനുമില്ല...പക്ഷെ ഓപ്പോള്‍ക്ക്‌ അച്ഛനോടും പറയേണ്ടേ .."

പെട്ടെന്നാണ് ദേവയാനിയുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തത്. "ആ നീചനോടോ ...അയാള്‍ എന്റെ ആരുമല്ല ..ജനിപ്പിച്ചതുകൊണ്ട് മാത്രം തന്തയാകില്ലല്ലോ. ഇവിടത്തെ ഒരു കാവല്‍ പട്ടി അതു മാത്രമാണ് അയാളുടെ ജോലി...ഞാന്‍ എന്റെ ജോലിക്ക് പോകുമ്പോള്‍ രാജി മോള്‍ക്ക് കാവലിനു ഒരാള്‍ അതെ ഞാന്‍ കരുതിയിട്ടുള്ളൂ..."


ഒരു ദിവസം രവി ഓടിക്കിതച്ചു വന്നു. ദൂരെ നിന്ന് തന്നെ വിളിച്ചു പറഞ്ഞു..."ഓപ്പോളേ എന്റെ ലെറ്റര്‍ കിട്ടി...നാളെ രാവിലെ പുറപ്പെടണം "

സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടാതായി ദേവയാനിക്കും രാജിക്കും. അന്ന് വളരെ നേരം അവര്‍ സംസാരിച്ചിരുന്നു...നാളെ അതിരാവിലെ അവനു പോകണം.....തിരുവനതപുരത്താണ് പോസ്റ്റിങ്ങ്‌...ജോലി ജോയിന്‍ ചെയ്തു ഒരു മാസത്തിനുള്ളില്‍ അവന്‍ തിരിച്ചു വരും താമസ സൗകര്യം എല്ലാം ശരിയാക്കിയിട്ട്. സന്ധ്യയാകുന്നതിനു മുമ്പേ അവന്‍ ഇറങ്ങി....പോകാന്‍ നേരം ദേവയാനി ഒരു അഞ്ഞൂറ് രൂപയുടെ നോട്ട് അവന്റെ പോക്കറ്റില്‍ ഇട്ടു "ഇത് വഴിയില്‍ എന്തെകിലും ആവശ്യതിനു ഇരിക്കട്ടെ." അവന്‍ മറുത്തൊന്നും പറഞ്ഞില്ല.. രാജി അവനോടൊപ്പം കുറച്ചു ദൂരം പടി വരെ വന്നു.. കൈമടക്കില്‍ സൂക്ഷിച്ച ഒരു അമ്പത് രൂപ അവനു നീട്ടി ..."ഇത് കയ്യിലിരിക്കട്ടെ...എന്റെ കയ്യില്‍ ഇതേ ഉള്ളു തരാനായി..." അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് അവന്‍ കണ്ടു...അവന്‍ അവളെ തന്നോട് ചേര്‍ത്ത് നിര്‍ത്തി മുടിയഴകളില്‍ അരുമയോടെ തലോടി..."കരയരുത് ...ഞാന്‍ പോയാല്‍ കഴിയുന്നതും വേഗം തിരിച്ചു വരും നിങ്ങളെ കൊണ്ട് പോവാനായി....ഒരുങ്ങിയിരുന്നോളു"

"രവിയേട്ടാ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശയാ...എനിക്കൊരു ജോലി കിട്ടി അതിന്റെ ശമ്പളം വാങ്ങി ഒരു ദിവസമെങ്കിലും എന്റെ എന്റെ ഓപ്പോളുടെ കയ്യില്‍ കൊടുക്കാന്‍ ...അതെനിക്ക് സാധിക്കുമോ..."

"തീര്‍ച്ചയായും. ഇനി നമ്മള്‍ രണ്ടും കൂടിയല്ലേ പരിശ്രമിക്കുന്നത്" അവന്‍ നടന്നു നീങ്ങിയിട്ടും അവള്‍ അവിടെത്തന്നെ നിന്നു, .അവന്‍ കണ്ണില്‍ നിന്നു മറയുന്നത് വരെ...അവന്‍ വീട്ടിലെത്തി ഒരുക്കങ്ങള്‍ തുടങ്ങി...തന്റെ എല്ലാം സൂട്ട് കേസിലും ഒരു ബാഗിലും ആയി പായ്ക്ക് ചെയ്തു...രാവിലെ പോകുമ്പോള്‍ വീട് പൂട്ടി ..താക്കോല്‍ ഉത്തരത്തില്‍ വെച്ചാല്‍ മതി. എല്ലാം പറഞ്ഞിട്ടുണ്ട്...നേരത്തെ കിടന്നിട്ടും അവനു ഉറക്കം വന്നില്ല...പിന്നെ എപ്പോഴോ ഒന്ന് മയങ്ങി..

എന്തോ ശബ്ദം കേട്ട് അവന്‍ ഞെട്ടി ഉണര്‍ന്നു....വാച്ചില്‍ നോക്കി മണി 3 വാതില്‍ക്കല്‍ മുട്ടുന്ന ശബ്ദം. അവന്‍ വാതില്‍ തുറന്നതും ഞെട്ടിപ്പോയി...സംഹാര രുദ്രയെപ്പോലെ വലതു കയ്യില്‍ ഒരു വെട്ടുകത്തിയുമായി ദേവയാനി....ഇടതു കൈ കൊണ്ട് രാജിയെ പിടിച്ചിരിക്കുന്നു...വെട്ടുകത്തിയില്‍ ചോരപ്പാട് ....

രവി എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ നിന്നു...ദേവയാനി രാജിയെ അവന്റെ അടുത്തേക്ക്‌ തള്ളിവിട്ടു "ഇന്നാ നിന്റെ പെണ്ണ്...കൊണ്ട് പോയ്കോ... എവിടെയാണെങ്കിലും ...പറ്റില്ലെങ്കില്‍ ഇപ്പൊ പറയണം ...ഇവളേം ഞാന്‍ കൊല്ലും ....രണ്ടേണ്ണത്തിനെ വെട്ടികൊന്നിട്ടാ വരുന്നത്..." അവള്‍ വല്ലാതെ കിതച്ചു..."എനിക്കിനി മുന്‍പിന്‍ നോക്കാനില്ല...എന്റെ രാജിമോളെ ദ്രോഹിക്കനെത്തിയ ആ നീചനെ...അവനില്‍ നിന്നു അച്ചാരം വാങ്ങി കൂട്ട് നിന്ന തന്ത എന്ന് പറയുന്ന ആ മൃഗത്തെ .....വെട്ടി തുണ്ടാമാക്കി ...രണ്ടു ശവങ്ങളും വീടിനകത്തുണ്ട്...ഞാന്‍ രാവിലെ ചെന്ന് പോലീസിന് കീഴടങ്ങും....എന്നെ ആരും അന്വേഷിക്കണ്ടാ ...പറ രവീ നീ കൊണ്ട് പോവില്ലേ രാജി മോളെ ....ഇല്ലെങ്കില്‍ ഇപ്പൊ പറയണം ...വെട്ടി തുണ്ടാമാക്കും ഞാന്‍ അവളെ ഞാന്‍ ഇല്ലാത്ത ഈ നീചന്മാരുടെ ലോകത്ത് അവള്‍ ജീവിക്കണ്ടാ..പറ രവീ വേഗം..!!!" അവര്‍ അലറുകയണോ എന്ന് തോന്നി രവിക്ക്...

അവന്‍ അകത്തേക്ക് കയറി തയ്യാറാക്കി വെച്ച തന്റെ ബാഗ്‌ എടുത്തു തോളില്‍ തൂക്കി..സൂട്ട് കേസ് കയ്യില്‍ ഏന്തി പുറത്തു വന്നു...വീട് പൂട്ടി താക്കോല്‍ ഉത്തരത്തില്‍ തന്നെ വെച്ചു. എന്നിട്ട് ഒരു ചെറിയ ഹാന്‍ഡ്‌ ബാഗും തോളില്‍ തൂക്കി നില്‍കുന്ന രാജിയുടെ കൈ പിടിച്ചു പറഞ്ഞു " വാ പോകാം " ഒരു സ്വപ്നാടനത്തിലെന്നപോലെ അവള്‍ അവനെ പിന്തുടര്‍ന്നു

ദേവയാനി തിരിഞ്ഞു നടന്നു...അവള്‍ക്കു വേദനിച്ചില്ല.!!..ഒരു മരവിപ്പ് മാത്രമായിരുന്നു...!!!

റോഡിലെത്തിയപ്പോഴേ ഒരു ഒഴിഞ്ഞ ജീപ്പ് വരുന്നത് കണ്ടു കൈ കാണിച്ചു...എവിടെയോ ഓട്ടം പോയി വരികയാ..."ടൌണ്‍ വരെ പോകാം..വേറെ ഓട്ടം പോകനുള്ളതാ ..." ഡ്രൈവര്‍ പറഞ്ഞു. ടൌണില്‍ ഇറങ്ങി കോഴിക്കോട്ടേക്കുള്ള ആദ്യ ബസില്‍ അവര്‍ കയറി. കോഴിക്കോടുനിന്നും തിരിവനന്തപുരത്തെക്കുള്ള ട്രെയിന്‍ പിടിക്കണം. ..ഒന്നും അറിയാത്തപോലെയാണ് രാജി നടന്നിരുന്നത് ..കുറച്ചു മുന്‍പു നടന്ന സംഭവങ്ങള്‍ അവളുടെ മനസ്സ് മരവിപ്പിച്ചിരുന്നു...

ബസ്സില്‍ ആള് വളരെ കുറവായിരുന്നു...സാധനങ്ങള്‍ ഒതുക്കിവെച്ചു രവിയും അവളോടൊപ്പം ഇരുന്നു...വാടിയ ചേമ്പിന്‍ തണ്ടുപോലെ അവള്‍ അവന്റെ തോളിലേക്ക് മുഖം ചായ്ച്ചു...അവന്‍ വിളിച്ചു...."രാജി...." അവള്‍ അവനെ ആദ്യം കാണുന്നതുപോലെ നോക്കി..."പേടിക്കേണ്ട ഒന്നും സംഭവിക്കില്ല എല്ലാത്തിനും ഞാന്‍ ഉണ്ട്...ജോലിയില്‍ ചേര്‍ന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞു ഞാന്‍ മടങ്ങി വരും ...നല്ലൊരു വക്കീലിനെ വെയ്ക്കും ഒരു കോടതിക്കും ഒരു ജയിലിനും ഓപ്പോളേ ഞാന്‍ വിട്ടു കൊടുക്കില്ല..." അവളുടെ ചുണ്ടുകള്‍ വിതുമ്പി ...കരച്ചിലിന്റെ പുറപ്പാടാണ്..കരയട്ടെ ...മനസ്സില്ലുള്ള ദുഃഖം കരഞ്ഞു തീര്‍ക്കട്ടെ...

കണ്ടക്ടര്‍ ടിക്കെറ്റ് എടുക്കാന്‍ നേരം ചോദിച്ചു "എന്താ വൈഫിനു സുഖമില്ലേ എന്തിനാ കരയുന്നത്". എന്ന്. രവി പറഞ്ഞു നല്ല സുഖമില്ല എന്ന്...കണ്ടക്ടര്‍ പോയപ്പോള്‍ രവി വീണ്ടും ചോദിച്ചു.. ".എന്നെ വിശ്വാസമില്ലേ നിനക്ക്...സത്യമായിട്ടും ഞാന്‍ കൊണ്ടുവരും ഓപ്പോളേ"

അവള്‍ അവന്റെ മുഖത്തേക്ക് നോക്കി..അവന്റെ കൈകളില്‍ മുറുകെ പിടിച്ചു..."അതെ എനിക്ക് വിശ്വാസമാണ് " അവളുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു...അപ്പോഴും ബസ്‌ നല്ല സ്പീഡില്‍ മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു..